കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസില്‍ അപകടത്തില്‍പ്പെട്ടു മറിഞ്ഞ ലോറിയില്‍ നിറയെ രേഖകളില്ലാതെ കടത്തുകയായിരുന്ന കന്നുകാലികള്‍.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മറ്റൊരു ലോറിയില്‍ ഇടിച്ച് മറിഞ്ഞ ലോറി ഉയര്‍ത്തിയതോടെയാണ് കുത്തിനിറച്ചനിലയില്‍ കാലികളെ കണ്ടത്. ലോറി പൂര്‍ണമായും താര്‍പോളിന്‍കൊണ്ട് മറച്ച് കാറ്റുപോലും കടക്കാത്തനിലയിലായിരുന്നു.
പശു, എരുമ, കാള, പോത്ത് എന്നിങ്ങനെ 26 കാലികളെയാണ് ലോറിയില്‍ കുത്തിനിറച്ചിരുന്നത്. ഒരു പോത്ത് ചാവുകയും മറ്റുള്ളവയ്ക്കെല്ലാം പരിക്കേല്‍ക്കുകയും ചെയ്തു. തീറ്റയോ വെള്ളമോ കിട്ടാതെ അവശനിലയിലായിരുന്നു കന്നുകാലികള്‍.
പന്തീരാങ്കാവ് സബ് ഇന്‍സ്പെക്ടര്‍ സൈഫുള്ളയുടെ നേതൃത്വത്തില്‍ പോലീസും മൃഗസംരക്ഷണവിഭാഗവും നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത കാലിക്കടത്താണെന്ന് വ്യക്തമായത്. കന്നുകാലികളെ സമീപത്തെ പറമ്ബിലേക്ക്
മാറ്റി. അനിമല്‍ ഹസ്ബന്ററി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ബിനു പ്രശാന്ത്, മാങ്കാവ് മൃഗാശുപത്രി സര്‍ജന്‍ ഡോ. മിനി എന്നിവരുടെ നേതൃത്വത്തില്‍ പ്രഥമശുശ്രൂഷകള്‍ നല്‍കി.
കര്‍ണാടകയില്‍നിന്നുള്ള കന്നുകാലികളെ തമിഴ്നാട്-പാലക്കാട് വഴി തളിപ്പറമ്ബിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് വാഹനത്തിലുള്ളവര്‍ പറഞ്ഞത്. പന്തീരാങ്കാവ് പോലീസ് കേസെടുത്തു.