പാലക്കാട്: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡില്‍ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി വീണ ബൈക്ക് യാത്രികന്‍ പിന്നാലെ എത്തിയ കാറിനടിയില്‍പെട്ട് മരിച്ചു.
അഖില ഭാരത അയ്യപ്പ സേവാസംഘം യൂണിയന്‍ പ്രസിഡന്‍റും എന്‍.എസ്.എസ് കുന്നത്തൂര്‍മേട് കരയോഗം സെക്രട്ടറിയുമായ ശ്രീഗിരിയില്‍ ശങ്കരന്‍ നായര്‍ (84) ആണ് മരിച്ചത്.
ജില്ലാ സഹകരണ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്‍റുമാണ്. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്‍റ് സി.വി.ചന്ദ്രശേഖരന് (62) പരിക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കല്‍മണ്ഡപം ജംഗ്ഷന്‍-കുന്നത്തൂര്‍മേട് റോഡില്‍ പാറക്കുളത്തിന് സമീപമായിരുന്നു അപകടം. കല്‍മണ്ഡപത്തില്‍ നിന്ന് കുന്നത്തൂര്‍മെട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. അപകടത്തില്‍പ്പെട്ട ശങ്കരന്‍ നായരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സംശയിക്കുന്നുണ്ട്. സമീപത്തുണ്ടായിരുന്നവര്‍ ശങ്കരന്‍ നായരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.
