പാറയുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു



പത്തനംതിട്ട | പാറയുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

പ്രക്കാനം തോട്ടുപുറം കള്ളിമല ചിറക്കടവില്‍ പി എസ് സാമുവല്‍ (കുഞ്ഞുമോന്‍-65) ആണ് മരിച്ചത്. പത്തനംതിട്ട-ഓമല്ലൂര്‍ റോഡില്‍ പുത്തന്‍പീടിക കുളം ജങ്ഷനില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം.


പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. പാറക്കല്ലുകള്‍ വീണ് സ്‌കൂട്ടര്‍ നിശ്ശേഷം തകര്‍ന്നു. സാമുവല്‍ പാറക്ക് അടിയില്‍പ്പെട്ടു. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

ഗുരുതരമായി പരുക്കേറ്റ സാമുവലിനെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തൂക്കുപാലത്തിന് സമീപം തട്ടുകട നടത്തിവരികകയായിരുന്നു സാമുവല്‍. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ജിജു, സജു. മരുമക്കള്‍: ജിനു, അനു.


മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി. ഇടിയുടെ ആഘാതത്തില്‍ റോഡ് വക്കത്തെ ഓടയും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പത്തനംതിട്ട-ഓമല്ലൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Post a Comment

Previous Post Next Post