കുടുംബകലഹത്തിനിടെ മകന്‍ അച്ഛനെ അടിച്ചുകൊന്നു



കൊല്ലം തഴവ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മകന്‍ പിതാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

തടയാന്‍ ശ്രമിച്ച മാതാവിനെ മര്‍ദ്ദിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചു.


കുലശേഖരപുരം കൃഷ്ണന്‍ ഭവനില്‍ കൃഷ്ണന്‍കുട്ടി നായരാണ് (72) കൊല്ലപ്പെട്ടത്. മുഖത്തും ശരീരത്തിലും മുറിവേറ്റ മാതാവ് ശ്യാമളയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആശാകൃഷ്ണനെ (39) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: ആശാകൃഷ്ണന്റെ ഭാര്യ രണ്ട് മാസമായി പിണങ്ങി മാറി താമസിച്ചു വരികയാണ്. ഇതിന് കാരണം പിതാവാണെന്ന വിരോധത്തിലായിരുന്നു മകന്‍. വെള്ളിയാഴ്ച രാത്രി ആശാകൃഷ്ണന്‍

ഭാര്യയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കാന്‍ ശ്രമിച്ചു. ഇതേച്ചൊല്ലി പിതാവുമായി തര്‍ക്കത്തിലായി. അതിനിടെ പ്രതി കൈയില്‍ കരുതിയിരുന്ന കമ്ബിവടി ഉപയോഗിച്ച്‌ പിതാവിന്റെ മുഖത്തും തലയിലും അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മാതാവിനെയും അടിച്ച്‌ പരിക്കേല്‍പ്പിച്ചു.


രാത്രി വീട്ടില്‍ ബഹളം കേട്ടിരുന്നതായും മദ്യപിച്ചെത്തുന്ന ആശാകൃഷ്ണന്‍ പലപ്പോഴും വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.

ആശാകൃഷ്ണന്‍ രാവിലെ ഒരു ബന്ധുവിനെ ഫോണില്‍ വിളിച്ച്‌ അച്ഛന് പ്രഷര്‍ കൂടുതലാണെന്ന് പറഞ്ഞിരുന്നു. ബന്ധു അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടിലെത്തിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു കൃഷ്ണന്‍കുട്ടിനായരുടെ മൃതദേഹം. തലയ്ക്കും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും മാരകമായി മുറിവേറ്റിരുന്നു. പൊലീസെത്തുമ്ബോള്‍ നിസ്സംഗനായി ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്നു ആശാകൃഷ്ണന്‍.


ഉച്ചയോടെ ഫോറന്‍സിക് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ശ്രീദേവി, പരേതനായ സന്തോഷ് എന്നിവരാണ് മറ്റുമക്കള്‍.

കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ വി.ബിജു, എസ്.ഐ ശരത‌്ചന്ദ്രപ്രസാദ്, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒ രാജീവ്, അനില്‍, ബഷീര്‍ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post