എംസി റോഡില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്കു പരിക്ക്



ഏറ്റുമാനൂര്‍ (കോട്ടയം): എംസി റോഡില്‍ നൂറ്റൊന്നു കവലയില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അഞ്ചുപേര്‍ക്കു പരിക്ക്.

ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരം. ടിപ്പര്‍ ലോറിയും രണ്ട് കാറുകളും രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. 


ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പര്‍ ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടര്‍ന്ന് പിന്നാലെ വന്ന വാഹനങ്ങള്‍ ഒന്നിനു പുറകേ ഒന്നായി ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ ഏറ്റുമാനൂര്‍ പുല്ലാട്ട് ജോസ് എന്ന സി.സി. മാത്യു (65) ഓട്ടോറിക്ഷ യാത്രക്കാരിയായ രാമപുരം പുത്തന്‍കണ്ടത്തില്‍ ലിസി (52) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുവ ആനക്കുഴിയില്‍ മനു കുര്യനെ (39) പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post