റോഡില്‍ ഓയില്‍ മറിഞ്ഞ് വാഹനങ്ങള്‍ കൂട്ടത്തോടെ തെന്നിമറിഞ്ഞു, പരുക്ക്


കാസർകോട്  വെള്ളരിക്കുണ്ട്:  കൊന്നക്കാട് റോഡിലെ കോലുങ്കാല്‍ ജന്‍ക്ഷനില്‍ റോഡില്‍ ഓയില്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടത്തോടെ അപകടത്തില്‍പെട്ടു.

ഏതാനും പേര്‍ക്ക് പരുക്കേറ്റു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും തെന്നിവീണത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മാലോത്ത് നിന്നും ഓടോറിഷയില്‍ കൊണ്ടുപോവുകയായിരുന്ന ഓയില്‍ കാന്‍ റോഡില്‍ വീണ് പൊട്ടിയതാണ് പടരാന്‍ ഇടയാക്കിയത്..


ഈ സമയം ഇതുവഴി വന്ന പരപ്പ ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫും ബളാല്‍ പഞ്ചായത് അംഗം വിനു കെആറും സഞ്ചരിച്ച ബൈക് ആണ് ആദ്യം അപകടത്തില്‍പെട്ടത്. ഇരുവരും റോഡില്‍ തെന്നി വീഴുകയായിരുന്നു. പിന്നീട് വന്ന ഇരുചക്രവാഹനങ്ങള്‍ ഓരോന്നായി അപകടത്തില്‍ പെട്ടെങ്കിലും ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയില്ല.

വിവരം അറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തിയ പൊലീസ് വിവരം കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചു. ഉച്ചയോടെ ഫയര്‍ഫോഴ്സ് എത്തി റോഡ് വെള്ളവും കെമികലും ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കിയ ശേഷമാണ് വാഹനഗതാഗതം സുഗമമാക്കിയത്. നാട്ടുകാരും ഫയര്‍ഫോഴ്സിനൊപ്പം റോഡിലെ ഓയില്‍ നീക്കം ചെയ്യുന്നതില്‍ പങ്കാളികളായി.

Post a Comment

Previous Post Next Post