നിയന്ത്രണം വിട്ടു ലോറി മരത്തിലിടിച്ചു യുവാവ് ക്യാബിനിൽ കുടുങ്ങിമലപ്പുറം : മലപ്പുറം ചട്ടിപ്പറമ്പ് റോഡിൽ ചാഞ്ഞാൽ പി കെ പടിയിൽ ലോറി നിയന്ത്രണം വിട്ടു മരത്തിലിടിച്ചു യുവാവ് ക്യാബിനിൽ കുടുങ്ങി.ബുധൻ വൈകിട്ട് മൂന്നര മണിയോടെ ആണ് സംഭവം.എതിരെ വന്ന ഇരുചക്ര വാഹനക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ മഹിന്ദ്ര മിനിലോറിയുടെ നിയന്ത്രണം വിട്ടു ലോറിയുടെ ഇടതു ഭാഗം അരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.അറവങ്കര എംടി ട്രേഡേഴ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ ലോറിയിൽ ഉണ്ടായിരുന്ന തൊഴിലാളി അറവങ്കര ന്യൂ ബസാർ സ്വദേശി നിസാറിന്റെ ഇരു കാലുകളും ക്യാബിനകത്തു കുടുങ്ങി.നാട്ടുകാർ രക്ഷിക്കാൻ നോക്കിയെങ്കിലും മുൻഭാഗം ഉള്ളിലേക്ക് ചതഞ്ഞതിനാൽ രക്ഷിക്കാൻ ആയില്ല.വിവരമറിഞ്ഞു സ്ഥലത്തു എത്തിയ മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ സേന അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ വെട്ടിപൊളിച്ചും അകത്തിമാറ്റിയും യുവാവിനെ രക്ഷപെടുത്തി.കാലിനു ഗുരുതരമായ പരിക്കേറ്റ നിസാറിനെ അഗ്‌നിരക്ഷ സേനയുടെ ആംബുലൻസിൽ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എസ് ലെനിൻ, ഫയർ ഓഫീസർമാരായ കെ അഫ്സൽ,കെ സി മുഹമ്മദ്‌ ഫാരിസ്,വി വിപിൻ, കെ പി ജിഷ്ണു,ഫയർ ഡ്രൈവർ പി അഭിലാഷ്,ഫസലുള്ള ഹോം ഗാർഡ് കൃഷ്ണകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post