അച്ചന്‍കോവിലാറ്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുങ്ങിമരണം; ഒരു യുവാവിന്റെ കൂടി ജീവന്‍ പൊലിഞ്ഞു



പത്തനംതിട്ട | അച്ചന്‍കോവിലാറ്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുങ്ങിമരണം. മുളമ്ബുഴയില്‍ കുളിക്കാനിറങ്ങിയ ചെങ്ങന്നൂര്‍ കാരയ്ക്കാട് സിനി ഭവനത്തില്‍ പരേതനായ അശോകന്റെ മകന്‍ കമല്‍ എസ് നായര്‍ (23) ആണ് ഇന്നലെ മരിച്ചത്.

കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചിരുന്നു. കുളനട ഉള്ളന്നൂര്‍ പൈവഴി ഇരട്ടക്കുളങ്ങര പരേതനായ വര്‍ഗീസിന്റെ മകന്‍ ഗീവര്‍ഗീസ് പി വര്‍ഗീസാണ് (17) മരിച്ചത്. തുമ്ബമണ്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.


തടയിണക്കു സമീപം കുളിക്കാനിറങ്ങിയ നാല് പേരടങ്ങുന്ന സംഘമാണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ഇവരില്‍ മൂന്നു പേര്‍ നീന്തി കരയ്ക്കു കയറി. ഇവരെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്‌കൂബാ ടീമും അടൂര്‍ ഫയര്‍ ഫോഴ്സും നടത്തിയ സംയുക്ത തിരച്ചിലിലാണ് തടയണയ്ക്ക് അന്‍പത് മീറ്റര്‍ താഴെ നിന്നും കമലിന്റെ മൃതദേഹം കണ്ടെടുത്തത്.

നെയ്യാറ്റിന്‍കര അമരവിള സ്വദേശി രതീഷ് മോന്‍(29), മുളക്കുഴ സ്വദേശി ജിബി കെ വര്‍ഗീസ് (38), കൊഴുവല്ലൂര്‍ സ്വദേശി അനീഷ് കുമാര്‍ (23) എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ റജി കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.


മരണപ്പെട്ട കമല്‍ എസ് നായരുടെ മാതാവും സഹോദരനും വിദേശത്താണ്. നാട്ടില്‍ മുത്തശ്ശിയോടൊപ്പമാണ് കമല്‍ താമസിച്ചിരുന്നത്. പന്തളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post