ഓടിക്കൊണ്ടിരുന്ന 2 ഓട്ടോറിക്ഷകൾക്കും കാൽനട യാത്രക്കാർക്കും മുകളിൽ ആൽമരക്കൊമ്പ് വീണു… 4 പേർക്ക് പരുക്ക്….



ഓടിക്കൊണ്ടിരുന്ന 2 ഓട്ടോറിക്ഷകൾക്കും കാൽനട യാത്രക്കാർക്കും മേൽ ആൽമരത്തിന്റെ വലിയ കൊമ്പ് പൊട്ടിവീണ് നാലു പേർക്ക് പരുക്ക്. ചെർപ്പുളശ്ശേരി ഗവ.ആശുപത്രിക്കു മുൻവശത്തുള്ള ആൽമരത്തിന്റെ കൊമ്പ് ആണ് റോഡിലേക്ക് ഒടിഞ്ഞ് വിണത്. രണ്ട് ഓട്ടോറിക്ഷകളും ഭാഗികമായി തകർന്നു. ഓട്ടോ ഓടിച്ചിരുന്ന ബാലകൃഷ്ണൻ, രതീഷ് പുലാക്കാട്, ഇതുവഴി നടന്നുവരികയായിരുന്ന വിമുക്തഭടൻ മഠത്തിൽ പറമ്പ് സുലൈമാൻ, ആശുപത്രി പരിസരത്ത് ജോലി ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരൻ പ്രവീൺ എന്നിവർക്കാണു പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.


നാലു പേരും ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു വിധേയരായി. മരക്കൊമ്പ് പൊട്ടിവീണത് ആൽമരത്തിന് താഴെയുള്ള വൈദ്യുതി ലൈനിനു മുകളിലൂടെയായതും ലൈൻ പൊട്ടാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. തിരക്കേറിയ പാതയാണെങ്കിലും മരക്കൊമ്പ് പൊട്ടിവീഴുന്ന സമയത്ത് ഇതു വഴി വാഹനസഞ്ചാരം അധികമില്ലാതിരുന്നതും രക്ഷയായി. മാസങ്ങൾക്കു മുൻപ് ഹൈസ്കൂൾ മൈതാനിയിലെ ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണ് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു.

Previous Post Next Post