ഈരാറ്റുപേട്ടയിൽ ചുഴലിക്കാറ്റ്… 4 പേര്‍ക്ക് പരിക്ക്… 6 വീടുകളും ഓട്ടോയും അങ്കണവാടിക്കും കേടുപാടുകൾ

 


കോട്ടയം: ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഉച്ചകഴിഞ്ഞ് വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. കാറ്റില്‍ മരം വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. ആറ് വീടുകള്‍ക്കും മുരക്കോലി അങ്കണവാടിക്കും കേടുപാടുകള്‍ സംഭവിച്ചു. ഈരാറ്റുപേട്ട, കൊണ്ടൂര്‍, തലപ്പാലം വില്ലേജുകളിലാണ് വ്യാപക നാശഷ്ടമുണ്ടായിരിക്കുന്നത്.


ഈരാറ്റുപേട്ട മുട്ടം കവലയ്‌ക്ക് സമീപം തേക്കുമരം കടപുഴകി വീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഹാറൂണ്‍, യാത്രക്കാരനായ കാരയ്‌ക്കാട് മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഇസ്മായിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വ്യാപാര സ്ഥാപനങ്ങളുടെ ഫ്ലക്‌സ് ബോര്‍ഡുകളും കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളും കാറ്റില്‍ തകര്‍ന്നു വീണു. പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി റോഡുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ക്കൊപ്പം വൈദ്യുത തൂണുകളും മറിഞ്ഞു വീണതിനാല്‍ കെഎസ്‌ഇബി ജവനക്കാര്‍ എത്തിയതിന് ശേഷമാണ് മരം മുറിച്ച്‌ നീക്കിയത്. ഈരാറ്റുപേട്ട ടൗണില്‍ രാത്രി ഏറെ വൈകിയും വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. നൂറിലധികം പോസ്റ്റുകള്‍ തകര്‍ന്നുവെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കുന്നതിനായി രണ്ട് ദിവസമെങ്കിലും വേണ്ടി വരുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

Post a Comment

Previous Post Next Post