വലപ്പാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു; നാല് പേർക്ക് ഗുരുതര പരിക്ക്



​തൃശ്ശൂർ: ദേശീയപാത 66-ൽ വലപ്പാട് ആനവിഴുങ്ങി മേൽപ്പാലത്തിന് മുകളിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ശബരിമല തീർത്ഥാടകൻ മരിച്ചു. അപകടത്തിൽ കുടുംബാംഗങ്ങളായ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് വേങ്ങേരി പാലത്തുകണ്ടി രവീന്ദ്രൻ (60) ആണ് മരിച്ചത്.

​രവീന്ദ്രന്റെ ഭാര്യ ലത (50), മകൻ അമിത് (31), ബന്ധുക്കളായ ഗീത മണി (64), ശശിധരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ, മേൽപ്പാലത്തിന് മുകളിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

​ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരും പോലീസും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post