ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ റിമാന്റ് ചെയ്തു: സംസ്ഥാന വ്യാപകമായി നാളെയും ഡോക്ടർമാർ പണിമുടക്കും



കൊല്ലം: കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് സന്ദീപിനെ പൊലീസ് സംഘം കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന് സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമെന്ന് കേരള ഗവ മെഡിക്കൽ ഓഫീസേർസ് അസോസിയേഷനും വിമർശിച്ചു. അത്യാഹിത വിഭാഗം ഒഴിവാക്കിക്കൊണ്ട് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

Post a Comment

Previous Post Next Post