കാസർകോട് കുമ്ബള: സീബ്രാലൈനില്‍ റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥന്‍ ലൈസ് കൊണ്ടു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയിടിച്ച് ദാരുണമായി മരിച്ചു.
ബംബ്രാണ പാമ്ബല്‍ ഹൗസിലെ മൊയ്തീന്‍ കുഞ്ഞി (78) ആണ് മരിച്ചത്. ബന്തിയോട് ദേശീയപാതയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
മംഗ്‌ളൂറു ഭാഗത്തുനിന്നും ലൈസ് പാകറ്റ് കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തിനിടയാക്കിയത്. റോഡിന്റെ എതിര്‍ഭാഗത്തുള്ള മെഡികല്‍ ഷോപിലേക്ക് പോകാനായി സീബ്രാ ലൈനില്‍ നില്‍ക്കുകയായിരുന്ന മൊയ്തീന്‍ കുഞ്ഞിയുടെ ദേഹത്തേക്ക് നിയന്ത്രണം തെറ്റിയ വാഹനം അമിത വേഗതയില്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റൊരു വാഹനം കണ്ട് വെട്ടിച്ചപ്പോഴാണ് അപകടമെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
