തമിഴ്‌നാട്ടില്‍നിന്ന്‌തൊഴിലാളികളുമായി വന്ന ജീപ്പ്‌ കുമളി ഒന്നാം മൈലിനും രണ്ടാം മൈലിനും ഇടയിൽ തലകീഴായി മറിഞ്ഞു

 


കുമളി: തമിഴ്‌നാട്ടില്‍നിന്നും തൊഴിലാളികളുമായി വന്ന ജീപ്പ്‌ തലകീഴായി മറിഞ്ഞു. കുമളി ഒന്നാം മൈലിനും രണ്ടാം മൈലിനും ഇടയിലായിരുന്നു അപകടം

ജീപ്പില്‍നിന്നും തൊഴിലാളികള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തില്‍ ഇരുപതോളം തൊഴിലാളികള്‍ ഉണ്ടായിരുന്നതായിട്ടാണ്‌ വിവരം.
ഓവര്‍ലോഡിന്‌ കേസ്‌ ഉണ്ടാകുമെന്നു ഭയന്ന്‌ അപകടത്തില്‍പെട്ടവരെ ഉടന്‍ സ്‌ഥലത്തുനിന്നും മാറ്റിയെന്നും സൂചനയുണ്ട്‌. എല്ലാ ദിവസവും രാവിലെ ആറുമുതല്‍ ഏഴുവരെ കാല്‍നടയാത്രികര്‍ക്ക്‌ ഭീഷണിയായിട്ടാണ്‌ തൊഴിലാളികളുമായി ജീപ്പുകളുടെ മരണപ്പാച്ചില്‍. പോലിസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടക്കുന്നത്‌ പരിധിയില്‍ കവിഞ്ഞ്‌ തൊഴിലാളികളെ കുത്തിനിറച്ചുള്ള അമിതവേഗതക്കു കരുത്തേകുന്നുണ്ട്‌. അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റിനടുത്ത്‌ എ.ഐ. ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ പെടാതെയിരിക്കാനുള്ള തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്‌. 

അതിര്‍ത്തിക്കപ്പുറത്ത്‌ തൊഴിലാളികളെ ഇറക്കിയ ശേഷം അതിര്‍ത്തിക്കിപ്പുറത്ത്‌ കടന്ന്‌ ക്യാമറ കണ്ണില്‍ നിന്നു വാഹനം മാറ്റി നിര്‍ത്തി വീണ്ടും തൊഴിലാളികളെ കയറ്റുകയാണ്‌ ചെയ്യുന്നത്‌. റോഡില്‍ വല്ലപോഴുമുള്ള വാഹന പരിശോധനകളില്‍ നിന്ന്‌ രക്ഷപെടാനും ഇവര്‍ക്കറിയാം. രാവിലെ ആറു മുതല്‍ ഏഴുവരെയുള്ള സമയത്ത്‌ വാഹന പരിശോധന ശക്‌തമാക്കണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപെടുന്നത്‌.

Post a Comment

Previous Post Next Post