ഇടുക്കി വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിലെ നാല്‍പതേക്കര്‍ ഭാഗത്തെ വളവില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി ഒന്പതോടെയായിരുന്നു അപകടം. വണ്ണപ്പുറം അന്പലപ്പടി സ്വദേശികളായ ദന്പതികള്‍ പട്ടയക്കുടിയില്‍ പോയി തിരികെ വരുംവഴിയാണ് അപകടമുണ്ടായത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നാല്‍പതേക്കര്‍ എസ് വളവ് എന്നറിയപ്പെടുന്ന കൊടുംവളവിലാണ് അപകടം നടന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രാഷ്ബാരിയര്‍ തകര്‍ത്ത് കാര്‍ മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് ഈ വളവില്‍ നിയന്ത്രണം നഷ്ടപ്പെടുക പതിവാണ്. ഇവിടെ അപകടം പതിവായതോടെ ഇതിനു സമീപം താമസിച്ചിരുന്ന കുടുംബം അപകടഭീഷണിയെത്തുടര്‍ന്ന് സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിലാണ് ഇപ്പോള്‍
വാഹനങ്ങള്‍ മറിയുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം കള്ളിപ്പാറ കയറ്റത്തില്‍ പിക്കപ്പ് പിറകോട്ടുരുണ്ടും അപകടം ഉണ്ടായി.
രണ്ടര വര്‍ഷം മുന്പ് ഇവിടെ ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചിരുന്നു. സംസ്ഥാനപാതയുടെ നാല്‍പതേക്കര്‍ മുതല്‍ കന്പകക്കാനം, കള്ളിപ്പാറ, വെണ്‍മണി വരെയുള്ള ഭാഗങ്ങള്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും വലിയ വളവുകളുമാണ്.
പലയിടങ്ങളിലും വീതികുറവും കൊടുംവളവുകളുമായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കെഎസ്‌ആര്‍ടിസി ബസുകളും അപകടത്തില്‍പ്പെടാറുണ്ട്
അപകടങ്ങള്‍ ഒഴിവാക്കാൻ റോഡ് ശാസ്ത്രീയമായി പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.