തൃശ്ശൂർ പഴുവിൽ: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണു. പഴുവിൽ വെസ്റ്റ് പുളിയത്തുപറമ്പിൽ സുനിൽകുമാറി (55) നാണ് ബസിൽനിന്ന് വീണ് സാരമായി പരിക്കേറ്റത്. അതിവേഗതയിൽ തൃശ്ശൂരിൽ നിന്ന് തൃപ്രയാറിലേക്ക് വരുകയായിരുന്നു ബസ്.
പഴുവിൽ ഗോകുലം സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാൻ എഴുന്നേറ്റ് വാതിലിനരികിൽ
നിൽക്കുകയായിരുന്നു സുനിൽകുമാർ. സ്റ്റോപ്പിന് മുമ്പായി ഇടിഞ്ഞ് താഴ്ന്നു കിടക്കുന്ന റോഡിന്റെ വശം ഒതുക്കിയെടുക്കാൻ പെട്ടെന്ന് ബസ് വളച്ചപ്പോഴാണ് ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീണത്.തലയ്ക്കും മുഖത്തിനും പരിക്കേറ്റ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റിട്ടുണ്ട്. നാട്ടുകാർ ചേർന്ന് പഴുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടിവെള്ള പൈപ്പിടാൻ പൊളിച്ച് അശാസ്ത്രീയമായി നികത്തിയതുമൂലം ചിറയ്ക്കൽ മുതൽ പെരിങ്ങോട്ടുകര വരെയുള്ള റോഡ് തകർന്നു കിടക്കുകയാണ്. പലയിടത്തും ഒരുവരി ഗതാഗതം മാത്രമാണ്. ഇതുമൂലം ഈ റൂട്ടിലുള്ള ബസുകളുടെ സമയക്രമം തെറ്റുക പതിവാണ്. ഇതാണ് ബസുകൾ അമിത വേഗമെടുക്കാനും അപകടത്തിനും കാരണമാകുന്നത്