അമ്പലപ്പുഴ: പാതയോരത്ത് സ്കൂട്ടർ നിർത്തി സംസാരിച്ചുകൊണ്ടു നിന്ന ഗവ.ജീവനക്കാരിയെയുംബന്ധുവായ യുവാവിനെയും പിന്നാലെ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി ചാലെ കടവ് പാലത്തിന് കിഴക്കുഭാഗത്ത് രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. മങ്കൊമ്പ് ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരിയായ തകഴി പഞ്ചായത്ത് പതിനാലാം വാർഡ് അർച്ചന ഹൗസിൽ നിഖിലിൻ്റെ ഭാര്യ അർച്ചന (34), ഇവരുടെ ബന്ധു തകഴി തൊണ്ണൂറിൽ ചിറയിൽ നമിത് (21) എന്നിവർക്കാണ് പരിക്കേറ്റത്. അമ്പലപ്പുഴ പൊലീസ് എത്തി ജീപ്പിൽ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ നമിത്തിനെ പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും, തലക്ക് ഗുരുതര പരിക്കേറ്റ അർച്ചനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ചു. ജോലിക്കായി മങ്കൊമ്പിലേക്ക് ബന്ധുവിൻ്റെ കൂടെ സ്കുട്ടറിൽ പോകവെ റോഡരുകിൽ നിർത്തി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും, കാറിൻ്റെ മുൻഭാഗവും തകർന്നു.