ബീഹാര്ലെ ബോട്ട് ദുരന്തം: കാണാതായ 12 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

 


ബീഹാര്‍: മുസാഫര്‍പൂര്‍ ജില്ലയിലെ ബാഗമതി നദിയില്‍ 30 ലധികം കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് കാണാതായ 12 കുട്ടികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നദിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുസാഫര്‍പൂര്‍ നഗരത്തിലെ ബെനിവ മേഖലയില്‍ മധുരപട്ടി ഘട്ടില്‍ കവിഞ്ഞൊഴുകുന്ന ബാഗമതി നദിയില്‍ ബോട്ട് മറിഞ്ഞു. മുപ്പതിലധികം കുട്ടികള്‍ ബോട്ടില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്നെന്ന് പറയപ്പെടുന്നു. 


ഇതില്‍ 20 കുട്ടികളെ വ്യാഴാഴ്ച തന്നെ രക്ഷപ്പെടുത്തി.12 കുട്ടികളെ കാണാതായതിനാല്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ മുതല്‍ തുടരുകയാണ്. കുട്ടികളെ കാണാതായ നിമിഷം മുതല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആര്‍എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആര്‍എഫ്) അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

 ഇന്ന് രാവിലെ ഏഴ് മുതലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ, ശേഷിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.കാമിനി കുമാരി, സുസ്മിത കുമാരി, ബേബി കുമാരി, സജ്ദ ബാനോ, ഗൈതാ ദേവി, അസ്മത്ത്, റിതേഷ് കുമാര്‍, ശിവാജി ചൗപാല്‍, സൻഷുല്‍, വസീം, മിന്റു, പിന്റു എന്നിവരാണ് മരിച്ചതെന്ന് ഗൈഘട്ട് സര്‍ക്കിള്‍ ഓഫീസര്‍ രാഘവേന്ദ്ര നാഗ്വാള്‍ അറിയിച്ചു. 


കുട്ടികളെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച്‌ വ്യാഴാഴ്ച വിവരം ലഭിച്ച ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post