ഡോക്ടറെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
തിരുവനന്തപുരം: തിരുവനന്തപുരം കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിൽ സർക്കാർ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയി അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ വിപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആമയിഴഞ്ചാൻ തോട്ടിൽ വിപിന്റെ മൃതദേഹം നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയ ശേഷമുള്ള പരിശോധനയിൽ മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിനു ശേഷം ബന്ധുക്കളെത്തി മൃതദേഹം വിപിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


തോടിന് വശത്ത് റോഡിൽ ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയെന്നാണ് കരുതുന്നത്. മുട്ടട സ്വദേശിയാണ് വിപിൻ. വിപിന്റെ ഭാര്യയും ഡോക്ടറാണ്. അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

വിഷാദ സംബന്ധമായ പ്രശ്നങ്ങൾ വിപിന് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കാറിൽ ശാസ്ത്രീയ പരിശോധനയടക്കം നടത്തും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post