കുടുംബ വഴക്കിനിടെ കത്തിക്കുത്ത്; നാലുപേര്‍ക്ക് പരിക്കേറ്റു



കണ്ണൂർ  ചെറുപുഴ: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പൊൻപുഴ യിലെ എം.വി. അനീഷ് (39), ഭാര്യ അക്ഷര (32), അനീഷിന്‍റെ ഇളയച്ഛൻ സുരേഷ് ബാബു, ഇളയമ്മ സരസമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അനീഷിന്‍റെ സഹോദരി ഭര്‍ത്താവ് കരിപ്പോട് സ്വദേശി തിടില്‍വളപ്പില്‍ ശശീന്ദ്രനാണ് (48) ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശശീന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാവിലെ 11.30 ഓടെ പൊൻപുഴയിലെ വീട്ടിലായിരുന്നു സംഭവം. 


അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശശീന്ദ്രന്‍റെ ഭാര്യയും മക്കളും ദിവസങ്ങളായി പൊൻപുഴയിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ മക്കളെ കാണണമെന്നു പറഞ്ഞ് ശശീന്ദ്രൻ ഭാര്യ വീട്ടിലെത്തുകയായിരുന്നു.

 തുടര്‍ന്ന് തര്‍ക്കം ഉണ്ടാവുകയും ഭക്ഷണം കഴിക്കുകയായിരുന്ന അനീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. അനീഷിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഭാര്യ അക്ഷരയ്ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റത്. 


സാരമായി പരിക്കേറ്റ അനീഷിനെ പോലീസാണ് ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അനീഷിനേയും ഭാര്യ അക്ഷരയേയും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രി യിലേക്ക് മാറ്റുകയായിരുന്നു. 


പരിക്കേറ്റ സുരേഷ് ബാബുവും, ഭാര്യ സരസമ്മയും ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post