തൃശൂർ: പള്ളിക്ക് സമീപത്തെ വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അയങ്കലം സ്വദേശിയായ തെക്കത്തുപറമ്പിൽ പ്രമോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ പുത്തൻചിറ ഫൊറോന പള്ളിയിൽ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിന് സഹായിക്കാൻ എത്തിയതായിരുന്നു യുവാവ്.
ഇന്നലെ വൈകിട്ട് നടന്ന വെടിക്കെട്ടിന് ശേഷം പ്രമോദിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കൾ സമീപത്തെല്ലാം അന്വേഷിച്ചിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രമോദ് തിരികെ പോയതാകാം എന്ന് കരുതി സഹപ്രവർത്തകരും മടങ്ങി പോവുകയായിരുന്നു. ഇന്ന് രാവിലെ പള്ളിയിലെത്തിയ നാട്ടുകാരാണ് വയലിൽ പ്രമോദിന്റെ മൃതദേഹം കണ്ടത്. നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
