തിരുവനന്തപുരം വർക്കല:വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർഥ കുളത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഭാരതി( 22) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദയാത്രയുടെ ഭാഗമായി വർക്കലയിലെത്തിയതായിരുന്നു യുവാവ്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ മറ്റ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്, ഇതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ നടത്തി. ശേഷം ഫയർഫോഴ്സ‌് ഉദ്യോഗസ്ഥരും സ്കൂബാ ടീമും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
വെളിച്ചക്കുറവ് മൂലം കഴിഞ്ഞദിവസം രാത്രി നിർത്തിവച്ച തെരച്ചിൽ പുനരാരംഭിക്കാൻ രാവിലെ 6 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കുളത്തിൽ മൃതദേഹം കാണുകയായിരുന്നു.
മൃതദേഹം വർക്കല ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുനെൽവേലി അണ്ണാ യൂണിവേഴ്സിറ്റിയിലെ ബി ടെക് വിദ്യാർഥിയാണ് മരണപ്പെട്ട ഭാരതി വിനോദയാത്രക്കായി കഴിഞ്ഞദിവസം രാവിലെ വർക്കലയിലെത്തിയ യുവാവും സംഘവും രാത്രിയോടെ മടങ്ങാൻ ഇരിക്കവെയാണ് അപകടമുണ്ടായത്.
