വളാഞ്ചേരി വട്ടപ്പാറയിൽ മദ്യലഹരിയിൽ കുട്ടിയുമായി യുവാവ് ഓടിച്ച കാർ ഓട്ടോയിലിടിച്ച് അപകടം; രണ്ടു പേർക്ക് പരുക്ക്വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ മദ്യ ലഹരിയിലായ യുവാവ് ഓടിച്ച കാർ ഓട്ടോയിലിടിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. ഓട്ടോ യാത്രക്കാരായ വെട്ടിച്ചിറ പൂളമംഗലം സ്വദേശി മോയോട്ടിൽ റഫീഖ്, മുട്ടിക്കാട്ടിൽ ഹബീബ എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല.


വ്യാഴാഴ്ച വൈകീട്ട് 9 മണിയോടെ വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന കാർ വെട്ടിച്ചിറയിൽ നിന്നും വളാഞ്ചേരിയിലേയ്ക്ക് സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡരികിലേയ്ക്ക് മറിയുകയും ചെയ്തു‌.

അപകടം നടന്നയുടൻ കാർ ഡ്രൈവർ വാഹനം ദേശീയപാതയുടെ നടുവിൽ നിർത്തി ചാവി ഊരി നാലു വയസ്സുകാരനായ മകനുമായി ഇറങ്ങി പോയതോടെ പാതയിൽ ഗതാഗത തടസ്സവും നേരിട്ടു. ശേഷം ഹൈവേ പൊലീസും വളാഞ്ചേരി പൊലീസും സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന ഇയാളെയും കൂടെയുണ്ടായിരുന്ന കൂട്ടിയെയും സഹയാത്രികനെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു.


അതേസമയം കസ്റ്റഡിയിലെടുക്കുന്നതിനിടെ മദ്യ ലഹരിയിലായിരുന്ന ഡ്രൈവറും സഹയാത്രികനും പൊലീസിനോട് തട്ടിക്കയറുകയും ചെയ്‌തു.


കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവർ മഞ്ചേരി സ്വദേശി ഹബീബിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

Post a Comment

Previous Post Next Post