മലപ്പുറം മൂന്നിയൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയില്‍; രോഗലക്ഷണമുള്ള നാല് കുട്ടികള്‍ നിരീക്ഷണത്തില്‍മലപ്പുറം: അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയില്‍. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ളത്. മൂന്നിയൂരിലെ പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.


രോഗ ലക്ഷണങ്ങളുള്ള നാല് കുട്ടികള്‍ നിരീക്ഷണത്തിലാണ്. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്നാണ് വിവരം.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം


പേര് പോലെ തന്നെ അമീബ മൂലമുണ്ടാകുന്ന മസ്തിഷ്‌കജ്വരമാണിത്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകള്‍ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടായേക്കാം. എന്നാല്‍ അപൂര്‍വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്‌കജ്വരം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ . ക്ലോറിനേഷന്‍ മൂലം നശിച്ചുപോകുന്നതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്പോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കില്‍ കടന്നാല്‍, അമീബ വെള്ളത്തില്‍ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകള്‍ നടത്തുന്നതും, തല വെള്ളത്തില്‍ മുക്കി മുഖം  കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.


കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂര്‍വം ചിലരില്‍ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളില്‍ നിന്നും വേറൊരാളിലേക്ക് പകരില്ല. 


രോഗലക്ഷണങ്ങള്‍ 

രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുക. ആദ്യഘട്ടത്തില്‍ പനി,തലവേദന, ഛര്‍ദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോഗലക്ഷണങ്ങള്‍ കാണുന്നതുകൊണ്ടുതന്നെ ആരും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല. രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോള്‍ അണുബാധ  തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടര്‍ പരിശോധനയിലൂടെ രോ?ഗനിര്‍ണയം നടത്തുകയും ചെയ്യുക.


നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവയൊക്കെ പി.സി.ആര്‍. ടെസ്റ്റും മറ്റും ചെയ്തതിനുശേഷമാണ് രോ?ഗനിര്‍ണയം നടത്താനാവുക. എന്നാല്‍, ഇവിടെ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അതായത് അമീബയില്‍ നിന്നുള്ള അണുബാധ സംശയിക്കുന്നയുടന്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം. അത് പലപ്പോഴും നടക്കുന്നത് വളരെ വൈകിയതിനു ശേഷമായിരിക്കും എന്നതാണ് പ്രധാന പ്രശ്‌നം.

അമീബിക് മസ്തിഷ്‌കജ്വരം മുന്‍കരുതലുകള്‍ 


* സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകള്‍ക്കനുസരിച്ച് മാറ്റുക


* പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക


* നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാതിരിക്കുക


* മൂക്കില്‍ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തല്‍, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക


* തല വെള്ളത്തില്‍ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകല്‍, അതുപോലെയുള്ള മതപരമായ ചടങ്ങുകള്‍ എന്നിവ ഒഴിവാക്കുക.


* നസ്യം പോലുള്ള ചികില്‍സാ രീതികള്‍ ആവശ്യമുണ്ടെങ്കില്‍ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

സാധാരണഗതിയില്‍ മസ്തിഷ്‌ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് (മസ്തിഷ്‌കത്തിന്റെ ആവരണമായ അരക്കിനോയിഡിനും പയക്കും ഇടയിലുള്ള വെള്ളം) നട്ടെല്ലിന്റെ താഴെ ഭാഗത്തു നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡില്‍ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടു പിടിക്കുമ്പോളാണ് ഈ രോഗാണു മൂലമാണ് രോഗമുണ്ടായത് എന്ന് വ്യക്തമാവുക.


ഇതിന് മുമ്പും സംസ്ഥാനത്ത് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016ല്‍ ആലപ്പുഴ ജില്ലയിലും 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു. 2023ല്‍ ആലപ്പുഴയില്‍ 15കാരന്‍ ഈ രോഗം ബാധിച്ച് മരിച്ചിരുന്നു.

Post a Comment

Previous Post Next Post