ബംഗളൂരു : എലിശല്യം അകറ്റാൻ തളിച്ച കീടനാശിനി ശ്വസിച്ച് നഴ്സിങ് കോളജ് വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദർശ് നഴ്സിങ് കോളജ് ഹോസ്റ്റലിലെ 19 വിദ്യാർഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഞായറാഴ്ച രാത്രി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലയാളി വിദ്യാർഥികളായ ഇവരില്‍ ജയൻ വർഗീസ്, ദിലീഷ്, ജോമോൻ, നോയല്‍ എന്നിവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവർ സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു.
രാത്രി ഒമ്ബതോടെ ഹോസ്റ്റലിന്റെ തറഭാഗത്ത് റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് ബംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ഗിരീഷ് പറഞ്ഞു. ഇത് പടർന്ന് മുറികളില്‍ എത്തിയതോടെ അന്തേവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണു. ഹോസ്റ്റല്‍ ജീവനക്കാർ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
വിദ്യാർഥികളുടെ പരാതിയില്‍ ഹോസ്റ്റല്‍ മാനേജർ മഞ്ജെ ഗൗഡക്കും മറ്റു ജീവനക്കാർക്കുമെതിരെ ജ്ഞാനഭാരതി പൊലീസ് കേസെടുത്തു. പൊതുജനാരോഗ്യത്തിന് ഹാനികരമാംവിധം അശ്രദ്ധമായി കീടനാശിനി പ്രയോഗിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 286 വകുപ്പു പ്രകാരമാണ് കേസ്.