റിയാദ്: സഊദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ഇതിൽ മലയാളിയുൾപ്പെടെ ഒമ്പത് പേർ ഇന്ത്യക്കാരാണ്. ജിസാനിലെ ബൈഷിന് സമീപം ജിസാൻ എക്കണോമിക് സിറ്റി അറാംകോ റിഫൈനറി റോഡിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദ് രാധ ദമ്പതികളുടെ മകൻ വിഷ്ണു പ്രസാദ് പിള്ള(31)ആണ് മരിച്ച മലയാളി.
അവിവാഹിതനായ വിഷ്‌ണു മൂന്ന് വർഷമായി ഈ കമ്പനിയിൽ എൻജിനീയറായി ജോലിചെയ്യുകയാണ്. വിഷ്‌ണുവിന്റെ സഹോദരൻ മനു പ്രസാദ് പിള്ള യു.കെ യിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്.
മരിച്ചവരിൽ മൂന്ന് പേർ നേപ്പാൾ പൗരന്മാരും മൂന്നു പേർ ഘാന പൗരൻമാരുമാണ്. ഗുരുതരമായി പരുക്കേറ്റ 11 പേർ ജിസാനിലും അബഹയിലുമുള്ള വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇതിൽ പലരുടെയും നില ഗുരുതരമാണ്.
മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാരെന്ന് സഊദി പൊലിസ് അറിയിച്ചു.
ജുബൈൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എ.സി.ഐ.സി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ അറാംകോ ജോലി സ്ഥലത്തേക്ക് 26 ജീവനക്കാരുമായി പോവുകയായിരുന്ന കമ്പനിയുടെ മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിക്കുകയായിരുന്നു. തകർന്ന വാനിൽ നിന്ന് ഫോഴ്സും രക്ഷാപ്രവർത്തകരുമെത്തിയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചു തന്നെ 15 പേരും മരിച്ചു.