മാലിന്യക്കുഴിയിലെ വെളളക്കെട്ടിൽ വഴുതിവീണു; 16 കാരന് ദാരുണാന്ത്യം



കോവളം: കുട്ടികൾ താമസിച്ച് പഠിക്കുന്ന കെട്ടിടത്തിന് സമീപത്തെ മാലിന്യക്കുഴിയിൽ ഒഴുകിയെത്തിയ വെളളക്കെട്ടിൽ വഴുതിവീണ 16-കാരൻ മുങ്ങിമരിച്ചു. വെളളാർ വാർഡ് കെ.എസ്.റോഡിൽ മുട്ടയ്ക്കാടുളള പെന്തകോസ്ത് മിഷന്റെ നിയന്ത്രണത്തിലുളള ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകനുമായ മിഥുൻ ആണ് മരിച്ചത്. മരുതൂർക്കോണം പി.ടി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം.

ജല അതോറിറ്റിയുടെ മുട്ടയ്ക്കാടുളള ജലസംഭരണിയുടെ പരിധിയിൽപ്പെട്ട വിവിധയിടങ്ങളിൽ പൈപ്പ്ലൈനുകൾ പൊട്ടിയിരുന്നു. ഇതേത്തുടർന്ന് ഇവിടങ്ങളിലേക്കുളള കുടിവെളള വിതരണത്തിൻ്റെ വാൽവുകൾ അടച്ച് അറ്റകുറ്റപണികൾ നടത്തിയിരുന്നു.


ശനിയാഴ്ച രാവിലെ മുതലായിരുന്നു പണികൾ തുടങ്ങിയത്. പണിപൂർത്തിയാക്കിയെങ്കിലും ബന്ധപ്പെട്ട പണിക്കാർ വാൽവുകൾ തുറന്നുനൽകിയിരുന്നില്ല. സംഭരണിയിലെ വെളളത്തിൻ്റെ തോത് കൂടുമ്പോൾ സമീപത്തെ പാറക്കുളത്തിലേക്കാണ് വെളളമൊഴുകിയെത്തുന്നത്.

എന്നാൽ, അനിയന്ത്രിതമായി വെളളമെത്തി പാറക്കുളത്തിലും തുടർന്ന് മാലിന്യക്കുഴിയിലും എത്തുകയായിരുന്നു. സമീപത്തെ 15-ലധികം വീടുകളുടെ പരിസരത്തും വെളളമൊഴുകി എത്തിയിരുന്നു. ഇക്കാര്യം ജലഅതോറിറ്റിയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രതികരിച്ചില്ലെന്ന് വാർഡംഗം വെളളാർ അഷ്ടപാലൻ ആരോപിച്ചു.


പാറക്കുളത്തിൽ നിന്നുമെത്തിയ വെളളമാണ് അന്തേവാസികൾ താമസിക്കുന്ന വളപ്പിലുളള മാലിന്യകുഴിയിലും ഒഴുകിയെത്തിയിരുന്നത്. ഇവിടെ ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു മിഥുൻ വഴുതി വീണ് മുങ്ങിപ്പോയത്.

ജലഅതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിനിടയാക്കിയെന്ന് വാർഡംഗം ആരോപിച്ചു. ഏകസഹോദരിയും ആറാം ക്ലാസ് വിദ്യാർഥിനുമായ മൃദുലയും ഇവിടുത്തെ അന്തേവാസിയാണ്. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു.


Post a Comment

Previous Post Next Post