വൈക്കം: റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ മുന്നോട്ട് എടുക്കുന്നതിനിടെ അതെ ദിശയിൽ പോകുകയായിരുന്ന സ്വകാര്യ ബസ് പിന്നിൽ തട്ടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലും മരത്തിലുമിടിച്ച് ഓട്ടോ ഡ്രൈവർക്ക് ധാരുണാന്ത്യം. സുഹൃത്തിന് പരിക്ക്. ചേർത്തല വയലാർ സ്വദേശി മുഹമ്മദ് അനസ്(40) ആണ് മരിച്ചത്. ഇയാളുടെ കൂട്ടു വ്യാപാരി ആലപ്പുഴ സ്വദേശി സനീഷ് (45) നെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ചെമ്പ് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം. റോഡരികിൽ പെട്ടി വണ്ടിയിൽ ചെറുനാരങ്ങാ വ്യാപാരം നടത്തിയ ശേഷം തിരികെ പോകുന്നതിനായി ഇരുവരും വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ വൈക്കത്ത് നിന്നും പൂത്തോട്ടഭാഗത്തേക്ക് പോകുകയായിരുന്ന പീറ്റേഴ്സൺ എന്ന സ്വകാര്യ ബസ്സ് പെട്ടിഓട്ടോയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ റോഡരികിലെ പോസ്റ്റിലും മരത്തിലുമിടിക്കുകയും അനസ് ഓട്ടോയിൽ നിന്നും തെറിച്ച് റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു. ഉടൻ ഇയാളെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ സനീഷിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.