ചെന്നലോട്: ചെന്നലോട് വൈപ്പടിയിൽ മദീനാപള്ളിക്ക് സമീപം ഷെഡ്ഡിൽ
നിർത്തിയിട്ട കാർ കത്തി നശിച്ചത്. മാരുതി റിറ്റ്സ് കാറാണ് ഇന്നലെ രാത്രി രണ്ട്മണിയോടെ കത്തിനശിച്ചത്. പടിഞ്ഞാറത്തറ ചെന്നലോട് മുക്രിവീട്ടിൽ സിറാജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. വീട്ടിൽ കാർ വെക്കാൻ സൗകര്യ കുറവ് മൂലം പള്ളിയോട് ചേർന്ന ഷെഡ്ഡിലാണ് സിറാജ് കാർ സൂക്ഷിക്കാറുള്ളത്. കാർ കത്തിയ തിനോടൊപ്പം പരിസരത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും കത്തിയിട്ടുണ്ട്. സംഭവത്തിൽ പള്ളിയുടെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി ഫൈബർ കസേരകളും കത്തി നശിച്ചു.സംഭവത്തെ തുടർന്ന് നാട്ടുകാരും തുടർന്ന് സ്ഥലത്തെത്തിയ അഗ്‌നി സുരക്ഷാസേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.