അങ്കമാലി: ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശിൻ്റെ മകൻ സിദ്ധാർത്ഥാണ് (19) മരിച്ചത്. ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്.
വ്യാഴാഴ്ച വൈകിട്ട് 3.45ഓടെ കോളജിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോൾ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന വീട്ടമ്മയുടെ സ്കൂട്ടറിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയോരത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തല തകർന്ന് ചോര വാർന്നൊഴുകി. നാട്ടുകാർ ഇരുവരേയും അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും അവശനിലയിലായിരുന്ന സിദ്ധാർഥിന്റെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം അറിഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം സന്ധ്യയോടെ വിട്ടുകൊടുക്കും.
അപകടത്തിൽ വീട്ടമ്മക്കും സാരമായ പരുക്കുണ്ട്. അമ്മ: ബിനി ബാലകൃഷ്ണൻ.
.