ദേശീയ പാതയിൽ ടാങ്കർ ലോറിയിൽ നിന്നും ഏഴ് കിലോമീറ്റർ ഓയിൽ ചോർന്നു നിരവധി ബൈക്കുകൾ മറിഞ്ഞ് അപകടം കാറുകൾ കൂട്ടിയിടിച്ചു



കാസർകോട്  കാഞ്ഞങ്ങാട് : ദേശീയ പാതയിൽ ടാങ്കർ ലോറിയിൽ നിന്നും ഏഴ് കിലോമീറ്ററിലേറെ ദൂരം ഓയിൽ ചോർന്നു. നിരവധി ബൈക്കുകൾ തെന്നി മറിഞ്ഞ് അപകടപരമ്പര. നിരവധി ഇരു ചക്രവാഹന യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. കാറുകൾ കൂട്ടിയിടിച്ചും അപകടമുണ്ടായി. രാത്രി 8.30 മണിയോടെയാണ് ദേശീയ പാതയിൽ അപകടങ്ങൾക്ക് തുടക്കമായത്. മംഗ്ളുരുവിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ട് പോവുകയായിരുന്ന ഓയിലാണ് ടാങ്കരിൽ നിന്നും വലിയ രീതിയിൽ റോഡിൽ ഒഴുകിയത്. കാര്യങ്കോട് പാലം മുതൽ മയിച്ചയിൽ ഉൾപ്പെടെ ഓയിൽ ഒഴുകി.ചെറുവത്തൂരും കഴിഞ്ഞ് മട്ടളായി വരെ റോഡിൽ ഓയിൽ ഒഴുകിയ തോടെ കാര്യമറിയാതെ വന്ന ഇരുചക്ര വാഹനങ്ങൾ തുടരെ തുടരെ റോഡിൽ മലക്കം മറിഞ്ഞു. പലരും ഒന്നിൽ കൂടുതൽ തവണ അപകടത്തിൽ പെട്ടു. സാരമായി പരിക്കേറ്റവർ ആശുപത്രിയിൽ ചികിൽസ തേടി. ചെറുവത്തൂർ ഭാഗത്ത് ഓയിലിൽ  തെന്നിയ കാറുകൾ പരസ്‌പരം കൂട്ടിയിടിച്ചു. വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നും ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറിലേറെ നേരം റോഡിൽ വെള്ളമടിച്ച് കഴുകിയ ശേഷമാണ് ദേശീയ പാതയിൽ ഗതാഗതം സുഗമമായത്. കിലോമീറ്ററുകളോളം റോഡിൽ ഓയിൽ ഒഴുകിയിട്ടും മട്ട് ളായിലെത്തിയ സമയം മറ്റ് യാത്രക്കാർ അറിയിച്ചപ്പോൾ മാത്രമാണ് ഓയിൽ ഒഴുകിയ കാര്യം ടാങ്കർ ഡ്രൈവർ അറിഞ്ഞത്. പാമോയിലിൽ ഉപയോഗിക്കുന്ന വനസ്‌മൃതി ഓയിലായിരുന്നു റോഡിലൊഴുകിയത്. ഓയിൽ ചൂടാകുമ്പോൾ ടാങ്കറിൽ നിന്നും ചോർന്നതാണെന്നാണ് ഡ്രൈവർ പറഞ്ഞത്. സീനിയർ ഫയർ ഓഫീസർ പ്രസാദ്, മറ്റ് ഉദ്യോഗസ്ഥരായ ഹരി നാരായണൻ, അഭിലാഷ്, അഭിനന്ദ്, ഹോം ഗാർഡുമാരായ നാരായണൻ, ഉണ്ണികൃഷ്ണൻ, സജിൻ ഡ്രൈവർ അർജുൻ ഓയിൽ നീക്കം ചെയ്യുന്നതിൽ പങ്കാളികളായി.

Post a Comment

Previous Post Next Post