വണ്ടിപെരിയാർ: ട്രാവലറും കാറും വ കൂട്ടിയിടിച്ച് നാലു പേർക്കു പരിക്കേറ്റു. തിങ്കളാഴ്‌ച വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്.
കൊടൈക്കനാലില്‍നിന്നു കൊല്ലത്തേക്കു വിനോദ സഞ്ചാരികളുമായി പോയ ട്രാവലറില്‍ കോട്ടയത്തുനിന്നു കൊച്ചറയിലേക്കു പോകുകയായിരുന്ന ഒരു കുടുംബത്തിലെ എട്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ കൊച്ചറ സ്വദേശികളായ പൂവേലില്‍ ആനന്ദവല്ലി (64), സിനി വിനോദ്(44), മിനി(47), ദയ (27) എന്നിവർക്കാണ് പരിക്കേറ്റത്.
പിന്നാലെ വന്ന വാഹന യാത്രക്കാർ ഇവരെ വണ്ടിപ്പെരിയാറിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. അപകടത്തെത്തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാകുകയാണ്. മഴയെത്തുടർന്ന് റോഡ് തെന്നിക്കിടക്കുന്നതും വളവുമാണ് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടാൻ കാരണമാകുന്നത്