മംഗളൂരു: പുല്ലു വെട്ടാൻ പോയി തിരിച്ചുവരുന്നതിനിടെ കാൽതെന്നി തടയണയിലെ വെള്ളക്കെട്ടിൽ വീണ 23 കാരിക്ക് ദാരുണാന്ത്യം. കുന്താപുര ജംബേഹാഡിയിലെ സഞ്ജീവ് നായിക്-നർസിദമ്പതികളുടെ മകൾ മൂകാംബികയാണ് മരിച്ചത്.
വ്യാഴാഴ്‌ച രാവിലെ കന്നുകാലികൾക്ക് പുല്ല് ശേഖരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
അമാസിബൈലുവിലെ ഒരു പെട്രോൾ പമ്പിൽ ജോലിക്കാരിയായിരുന്നു മൂകാംബിക. ഉച്ചകഴിഞ്ഞാണ് ജോലിക്ക് പോകേണ്ടിയിരുന്നത്. രാവിലെ സഹോദരഭാര്യയായ അശ്വിനിക്കൊപ്പം കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ പോയതായിരുന്നു. തിരിച്ചുവരുന്നതിനിടെ തടയണയിൽ വീഴുകയായിരുന്നു.
ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ശങ്കരനാരായണ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്തി. മൂകാംബികയുടെ മാതാവ് നർസി പൊലീസിൽ പരാതി നൽകി. അമാസിബെലു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.