വയനാട്: കാട്ടിക്കുളത്ത് സ്വകാര‍്യ ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 85ഓളം പേർക്ക് പരുക്കേറ്റു
.മാനന്തവാടിയില്‍ നിന്നും തിരുനെല്ലിയിലേക്ക് പോയ സ്വകാര‍്യ ബസും തിരുനെല്ലിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസും വളവില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടകാരണം വ‍്യക്തമല്ല.
വ‍്യാഴാഴ്ച രാവിലെയാടെയായിരുന്നു അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരില്‍ 30ഓളം പേരെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ‍്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.
തിരുനെല്ലി ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിപ്പോയ 50 പേര്‍ സഞ്ചരിച്ച സ്വകാര്യബസ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ലൈന്‍ബസും കാട്ടിക്കുളം വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ വളവില്‍ കൂട്ടിയിടിക്കുകയായിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ 50 പേരുണ്ടായിരുന്നു. യാത്രക്കാരില്‍ മിക്കവര്‍ക്കും പരിക്കേറ്റു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 30 ലധികം പേരെ മാനന്തവാടി മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.