തിരുവനന്തപുരത്ത് തീപ്പിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂം കത്തിനശിച്ചു



 തിരുവനന്തപുരം: നഗരമധ്യത്തിലെ പിഎംജി ജംഗ്ഷനിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ തീപ്പിടിത്തം. പുലർച്ചെ നാലു മണിയോടെയാണ്  തീപ്പിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ മുകള്‍നിലയുടെ പിൻഭാഗത്തുനിന്ന് വലിയ പൊട്ടിത്തെറി ഉണ്ടാകുകയും പിന്നാലെ തീ പടരുകയുമായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.


ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 10 ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോറൂമിന്റെ പല ഭാഗങ്ങളും പൂർണമായും കത്തിയ നിലയിലാണ്.


വില്‍പ്പനയ്ക്കുള്ള വാഹനങ്ങളും സർവീസിനായി എത്തിച്ച വാഹനങ്ങളും സ്പെയർപാർട്സും അടക്കമുള്ളവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്താണ് തീ പടർന്നത്. ഷോറൂമിന്റെ മുകള്‍നിലയിലുണ്ടായിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. തീപിടിത്തത്തിനു പിന്നാലെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് താഴത്തെ നിലയിലുണ്ടായിരുന്ന അമ്ബതോളം വാഹനങ്ങള്‍ തൊട്ടടുത്ത പള്ളിയുടെ സ്ഥലത്തേക്ക് മാറ്റി.


ഷോറൂമിന്റെ ചില്ല് തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്തുകയറിയത്. ഷോറൂമിന്റെ മേല്‍ക്കൂര പൂർണമായും കത്തിനശിച്ചു. ഷോറൂമിന്റെ മുകള്‍നിലയില്‍ ഇന്ധനം സൂക്ഷിച്ചിരുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ഇതാണ് പൊട്ടിത്തെറിയുണ്ടാകാൻ കാരണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post