ഡൽഹി - ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി ; ആയിരങ്ങളുടെ ജീവൻ കാത്ത് രക്ഷിച്ചത് ലോക്കോ പൈലറ്റിന്റെ മനോധൈര്യം

 


ന്യൂദൽഹി : ഡൽഹി -ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ശിവാജി പാലത്തിന് സമീപമാണ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിനിൻ്റെ ഒരു കോച്ച് പാളം തെറ്റിയത്.

ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും ആർക്കും പരിക്കില്ല. വൈകുന്നേരം 4:10 ഓടെയാണ് സംഭവം . ഗാസിയാബാദില്‍ നിന്ന് നിസാമുദ്ദീൻ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം.


ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . "ഒരു കോച്ച്‌ പാളം തെറ്റി, പക്ഷേ ഭാഗ്യവശാല്‍ ആർക്കും പരിക്കില്ല," ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലം സുരക്ഷിതമാക്കാൻ അടിയന്തര നടപടികള്‍ സ്വീകരിച്ചു.


എമർജൻസി ബ്രേക്ക് പ്രയോഗിച്ച ലോക്കോ പൈലറ്റിന്റെ മനോധൈര്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത് . റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും റെയില്‍വേ എഞ്ചിനീയർമാരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. "ബാക്കിയുള്ള കോച്ചുകള്‍ സുരക്ഷിതമായി നീക്കം ചെയ്തു. പാളം തെറ്റിയ ഒന്ന് മാത്രമേ അവശേഷിക്കുന്നുള്ളൂ, എഞ്ചിനീയർമാർ അത് ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു," ഉദ്യോഗസ്ഥർ വ്യക്തമാക്കി.


അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെ ആഘാതത്തിലാണ് രാജ്യം . അതിനു പിന്നാലെയാണ് ട്രെയിൻ പാളം തെറ്റിയ വാർത്തയും പുറത്ത് വന്നത് .പാളം തെറ്റാനുള്ള കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ സമഗ്രമായ പരിശോധന നടക്കുന്നുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post