വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക്; എട്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്



 അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിലേക്ക്.

ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച്‌ സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹോസ്റ്റലില്‍ നിന്നുളള ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഴിക്കാനായി വിളമ്ബിവെച്ച ഭക്ഷണം നിറച്ച പ്ലേറ്റുകളും ഗ്ലാസുകളുമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിലുളളത്.



യുവഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കാനായി കാന്റീനിലേക്ക് എത്തിയ സമയത്താണ് വിമാനം തകര്‍ന്ന് ഹോസ്റ്റല്‍ കെട്ടിടത്തിനുളളിലേക്ക് ഇടിച്ചിറങ്ങിയത്. കാന്റീനിനുളളിലേക്ക് വിമാനത്തിന്റെ ഒരു ഭാഗം ഇടിച്ചുകയറിയ നിലയില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏകദേശം നാല്‍പ്പതോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്ന് അപകടത്തിന്റെ ദൃസാക്ഷി ഡോ. ശ്യാം ഗോവിന്ദ് പറഞ്ഞു

ഇന്ന് ഉച്ചയ്ക്ക് 1.10 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചു.


Post a Comment

Previous Post Next Post