ഇടുക്കി : അടിമാലി കല്ലാര്‍ കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചു.വീട്ടില്‍ താമസക്കാരായിരുന്ന വീട്ടമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മരം നിലംപതിച്ചതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.ഓട് വന്ന് വീണ് വീട്ടമ്മയുടെ തലക്ക് ചെറിയ പരിക്ക് സംഭവിച്ചു.
ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അടിമാലി കല്ലാര്‍ കമ്പിലൈനില്‍ വീടിന് മുകളിലേക്ക് പനമരം നിലംപതിച്ചത്. ശക്തമായി വീശിയ കാറ്റില്‍ പന ഓട് മേഞ്ഞ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിവിടം.സുമ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീടാണിത്.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടമ്മയായ അനുവിന് ഈ വീട് വാടകക്ക് നല്‍കിയിരുന്നു.അനുവും മൂന്ന് മക്കളുമായിരുന്നു വീട്ടില്‍ താമസിച്ച് വന്നിരുന്നത്.പനമരം വന്ന് പതിച്ചതോടെ ഓട് മേഞ്ഞിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.ഓട് പൊട്ടി അനുവിന്റെ തലയില്‍ വീണു.തലക്ക് ചെറിയ പരിക്ക് സംഭവിച്ചു.അപ്രതീക്ഷിതമായി മരം വന്ന് പതിച്ച സമയം വീട്ടമ്മയുടെ മക്കള്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.ഇവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.മരം വന്ന് പതിച്ചുവെങ്കിലും മറ്റാപത്തുകള്‍ ഒഴിവായി പോയതിന്റെ ആശ്വാസത്തിലാണ് അനുവും മക്കളും.വീട്ടിലേക്ക് പതിച്ച മരം നാട്ടുകാരുടെ നേതൃത്വത്തിൽ വെട്ടി നീക്കം ചെയ്തു.മരം വീണത് സംബന്ധിച്ച്
പഞ്ചായത്തിലും വില്ലേജിലും
വിവരം അറിയിച്ചു.
