വിവാഹസംഘം സഞ്ചരിച്ച കാർ കോളേജ് മതിലിലേക്ക് ഇടിച്ച് കയറി.. വരൻ ഉൾപ്പെടെ എട്ടുപേർക്ക് ദാരുണാന്ത്യം

 


ഉത്തർപ്രദേശിൽ  വിവാഹസംഘം സഞ്ചരിച്ച കാർ കോളേജ് മതിലിൽ ഇടിച്ചുകയറി പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലെ മീററ്റ്-ബദൗൺ ഹൈവേയിലാണ് അപകടം നടന്നത്.വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ കാർ കോളേജ് മതിലിൽ ഇടിച്ചുകയറുകയായിരുന്നു.


വരൻ സൂരജ് പാൽ (20), രവി (28), ആശ (26), സച്ചിൻ (22), മധു (20), കോമൾ (15), ഐശ്വര്യ (3), ഗണേഷ് (2) എന്നിവരാണ് മരിച്ചത്. കാറിൽ ആകെ പത്തുപേരാണ് ഉണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. രക്ഷപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഇവരെ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് അഡീഷണല്‍ എസ്.പി. അനുകൃതി ശര്‍മ അറിയിച്ചു.

Post a Comment

Previous Post Next Post