കോഴിക്കോട്: മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി മരിച്ചു. ചൂണ്ട പാറയില്‍ കുരുങ്ങിയത് അഴിക്കാന്‍ നടത്തിയ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. മീഞ്ചന്ത ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണൂര്‍ വളവ് സ്വദേശി ശബരി (22) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.
വിവരം അറിഞ്ഞ് മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ്, സ്കൂബ ടീം, റെസ്ക്യൂ ടീം, ടി ഡി ആർ എഫ് സംഘം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമായി തിരച്ചിൽ നടത്തി രാത്രി 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
തേഞ്ഞിപ്പലം പോലീസ്, കടലുണ്ടി എയ്ഡ് പോസ്റ്റ് പോലീസ് സംഭവസ്ഥലത്തു എത്തി.
ഷീബയാണ് ശബരിയുടെ മാതാവ്, സഹോദരി രൂപ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
