തൃശ്ശൂർ തൃപ്രയാർ: നാട്ടിക ജംഗ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും സ്ക്കൂട്ടറിലും ഇന്നോവ കാറിലുമിടിച്ചു. അപകടത്തെ തുടർന്ന് 6 കാറുകളും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കയ്‌പമംഗലം സ്വദേശി ചെമ്മിനിയിൽ റഫീക്ക് മകൻ റസീമി(27) നാണ് പരിക്കേറ്റത്.ഇയാളെ വലപ്പാടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ട് 6.50 ഓടെയാണ് അപകടം . തൃശ്ശൂരിൽ നിന്നും തൃപ്രയാറിലേക്ക് വന്നിരുന്ന അനസ്മിക ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കിലും സ്ക്കൂട്ടറിലും ഇടിച്ച ശേഷം ഇന്നോവയുടെ പിറകിലിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബൈക്ക് യാത്രികൻ റോഡരികിലേക്ക് തെറിച്ചു വീണു. പാടൂർ നിന്നും പറവൂരിലേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൻറെ പിറകുവശവും ബസിൻറെ മുൻവശവും ഇടിയിൽ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് ഇന്നോവ കാർ മുന്നിൽ പോയിരുന്ന കാറിലിടിക്കുകയാണ് ചെയ്‌തത്. ഇതേ തുടർന്നാണ് 6 കാറുകളും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചത്. വലപ്പാട് പൊലീസ് സ്ഥലത്തെത്തി.
