ന്യൂയോർക്ക് ടൂറിസ്‌റ്റ് ബസ്സ് മറിഞ്ഞ് 5 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 54 വിനോദസഞ്ചാരികളാണ് ബസ്സിലുണ്ടായിരുന്നത്. ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന സ്‌ഥലത്താണ് അപകടം. ബസ്സ് അമിത വേഗത്തിലായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയന്ത്രണം വിട്ട ബസ്സ് റോഡിന്റെ വശത്തേക്ക് തലകീഴായി മറിഞ്ഞു. ചിലർ ബസ്സിൽനിന്ന് തെറിച്ചുപോയി. 5 പേരും സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോയെന്ന് വ്യക്തമല്ല. ചിലരുടെ പരുക്ക് ഗുരുതരമാണ്. ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ദേശീയപാതയിൽ ഗതാഗതം ദീർഘനേരം തടസ്സപ്പെട്ടു.
