ബെംഗളൂരു: കർണാടകയിലെ രാമമൂർത്തി നഗറിൽ നിർത്തിയിട്ട ബസിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.ബസിനകത്ത് കിടന്നുറങ്ങിയ ആളാണ് വെന്തുമരിച്ചത്. ഇയാൾ ബസിന്റെ ലോക്ക് തകർത്താണ് അകത്ത് കയറി കിടന്നത് എന്നാണ്പോലീസിൻ്റെ കണ്ടെത്തൽ. ബസിനുള്ളിൽ വെച്ച് ഇയാൾ പുകവലിച്ചിരുന്നുവെന്നും ഇതേതുടർന്ന് ഉപേക്ഷിച്ച ബീഡി കുറ്റിയിൽ നിന്ന് തീ പടർന്ന് പിടിച്ചിട്ടുണ്ടാവാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന പായയും തലയണയും ബസിനുള്ളിൽ നിന്ന് കണ്ടെത്തി.
സംഭവത്തിൽ കൊലപാതക സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പുറത്ത് നിന്നും ആരെങ്കിലും ബസിന് തീ ഇട്ടതാണോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫിറ്റ്നെസും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞതിന് പിന്നാലെയായിരുന്നു ബസ് ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
