കോഴിക്കോട് എലത്തൂര്‍: എലത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയിലുമിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളോടൊപ്പമുള്ള കരാറുകാരനും സ്‌കൂട്ടര്‍ യാത്രികനും ഗുരുതരമായി പരിക്കേറ്റു. കാരാറുകാരന്‍ പൊറ്റമ്മല്‍ പാലാഴി റോഡില്‍ പുന്നശ്ശേരി മേത്തോട്ട് താഴം ഹരിദാസന്‍ (61), സ്‌കൂട്ടര്‍ യാത്രികനായ ഒളവണ്ണ പെരിയോളി ഗിരീഷ് (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എലത്തൂര്‍ ചെട്ടികുളത്ത് രാവിലെ 8.50ഓടുകൂടിയായിരുന്നു അപകടം. എലത്തൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ആദ്യം സ്‌കൂട്ടറില്‍ ഇടിച്ചശേഷം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. സ്‌കൂട്ടറില്‍ വന്ന ഗിരീഷ് പരിചയക്കാരനായ ഹരിദാസനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയായിരുന്നു അപകടം
കുണ്ടൂപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നും വാഹനമോടിച്ച വിദ്യാര്‍ഥിക്ക് ലൈസന്‍സ് ഉണ്ടെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഗവ: മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗിരീഷിന്റെ കാലിന്റെ മുട്ടിന് താഴെ അറ്റുപോയ നിലയിലാണ് ഉള്ളത്
ആംബുലന്‍സ് എത്തിയ ശേഷമാണ് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെടുത്തത്.
റോഡില്‍ രക്തം വാര്‍ന്നൊഴുകിയിരുന്നു. എലത്തൂര്‍ എസ്.ഐ.അജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.
