കാട്ടുപന്നിയെ ഇടിച്ച കാര്‍ ബൈക്കിലിടിച്ചു, ഒന്നുംപറയാതെ ഡ്രൈവര്‍ പോയി; റോഡില്‍ ജീവന് വേണ്ടി പിടഞ്ഞ് യുവാവ്

 


  പാലോട്: കാട്ടുപന്നിയെ ഇടിച്ച്‌ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച്‌ ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. അപകടമുണ്ടായിട്ടും നിർത്താതെപോയ കാറും ഡ്രൈവറെയും വർക്ഷോപ്പില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

അവധിദിനത്തില്‍ തമിഴ്നാട്ടിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന തിരുമല കൈരളി നഗറില്‍ രാമമംഗലം ബംഗ്ലാവില്‍ ആദർശ്(26) ആണ് മരിച്ചത്. കാർ ഡ്രൈവർ തമിഴ്നാട് കടയനല്ലൂർ സ്വദേശി അബ്ദുല്‍ഖാദറിനെയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് മടത്തറ വേങ്കൊല്ല വനം വകുപ്പ് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.


:പോലീസ് പറയുന്നത്: നാല് ബൈക്കുകളിലായി സുഹൃത്തുക്കള്‍ക്കൊപ്പം തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു ആദർശ്. തമിഴ്നാട്ടില്‍നിന്നു വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു കാർ. കാട്ടുപന്നിയെ ഇടിച്ച്‌ നിയന്ത്രണംവിട്ട കാർ, എതിരേ വരുകയായിരുന്ന ആദർശിന്റെ ബൈക്കിലിടിച്ചു. എന്നിട്ടും ആദർശിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതെ കാർ ഡ്രൈവർ മുന്നോട്ടുപോയി.


അരക്കിലോമീറ്ററോളം മുന്നോട്ടുപോയപ്പോഴാണ് എതിരേ ബൈക്കുകളില്‍ ആദർശിന്റെ സുഹൃത്തുക്കള്‍ വരുന്നത് കണ്ടത്. അബ്ദുല്‍ഖാദർ കാർ നിർത്തി ഇവരോടു സംസാരിച്ചെങ്കിലും ബൈക്കില്‍ ഇടിച്ച വിവരം പറഞ്ഞില്ല. സുഹൃത്തുക്കള്‍ വീണ്ടും മുന്നോട്ടുപോയപ്പോഴാണ് ആദർശ് അപകടത്തില്‍പ്പെട്ടുകിടക്കുന്നത് കണ്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ആദർശ് ഏറെനേരം ചോരയൊലിപ്പിച്ച്‌ റോഡില്‍ കിടന്നിരുന്നു. പിന്നീട് ഇതുവഴി വന്ന ജീപ്പിലാണ് കൂട്ടുകാർ ആദർശിനെ കടയ്ക്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്.


അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാർ ഇടിച്ച്‌ ചത്ത പന്നിയെ അപകടസ്ഥലത്തിനു സമീപത്തുനിന്നു കണ്ടെത്തി. രാവിലെ അപകടസ്ഥലത്ത് കാറിന്റെ പൊട്ടിയ ഭാഗങ്ങള്‍ കണ്ടപ്പോഴാണ് സംശയംതോന്നിയത്. ആദർശിന്റെ സുഹൃത്തുക്കള്‍ കാറിന്റെ നമ്ബർ കുറിച്ചെടുത്തിരുന്നത് ചിതറ പോലീസിനു കൈമാറി. കാട്ടുപന്നിയിടിച്ച്‌ കേടുവന്ന കാർ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ വർക്ഷോപ്പില്‍ എത്തിച്ചപ്പോഴാണ് അബ്ദുല്‍ഖാദറിനെ അറസ്റ്റുചെയ്തത്.


പോലീസ് പ്രദേശത്തെ അറുപതോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. അബ്ദുല്‍ഖാദർ കുറ്റം സമ്മതിച്ചതായി ചിതറ എസ്‌എച്ച്‌ഒ എ. അജികുമാർ അറിയിച്ചു. അജയകുമാർ-ശ്രീകല ദമ്ബതിമാരുടെ ഏകമകനാണ് ആദർശ്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ഇടപ്പഴിഞ്ഞി എസ്.കെ. ഹോസ്പിറ്റലിലേക്കു മാറ്റി. ശനിയാഴ്ച രാവിലെ 10 മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

Post a Comment

Previous Post Next Post