നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം



കോഴിക്കോട് : നാദാപുരത്തിനടുത്ത് പാറക്കടവിൽ നിരവധി പേർ താമസിക്കുന്ന പഴയ വീട് തകർന്ന് വീണു. ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം. ആശങ്കയുടെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് കെട്ടിടാവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ തുടങ്ങി.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് പാറക്കടവ് ചെറ്റക്കണ്ടിക്കടുത്ത് ഇരുനില വീട് തകർന്ന് വീണത്. താനക്കോട്ടൂർ യു പി സ്കൂൾ പരിസരത്തെ കിഴക്കയിൽ പറമ്പിലെ വീടാണ് തകർന്നത്. കല്ലുമ്മൽ ഹമീദ് ആണ് വീടിന്റെ ഉടമസ്ഥൻ. പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. തൊഴിലാളികൾ ജോലിക്ക് പോയി മടങ്ങിയെത്തും മുമ്പേയാണ് അപകടം എന്നതിനാൽ ആളപായം ഇല്ല എന്നാണ് കരുതുന്നത്.

ഇതിനിടയിൽ ചില താമസക്കാരെ കാണാൻ ഇല്ലെന്ന സംശയത്തെ തുടർന്ന് ജെസിബി ഉപയോഗിച്ച് കെട്ടിടാവശിഷ്ട്ടങ്ങൾ പൂർണമായി നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കെട്ടിട ഉടമയാണ് ഏഴ് മണിയോടെ ചോലക്കാട് ഫയർ സ്റ്റേഷനിൽ അപകട വിവരം അറിയിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉൾപെടെയുള്ളവർ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ജെസിബി വന്ന് അവശിഷ്ടങ്ങൾ നീക്കി ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


Post a Comment

Previous Post Next Post