കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയില്‍ വയോധികൻ മരിച്ചനിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയം



കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്.ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണൻ മരിച്ചതെന്നാണ് സംശയം.



മെഡിക്കല്‍ കോളജില്‍ ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടില്‍ താമസിക്കുന്ന കണ്ണൻ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


പ്രദേശത്ത് നിന്ന് നേരത്തേയും കുട്ടികള്‍ക്ക് ഷോക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച്‌ കെഎസ്‌ഇബിക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കണ്ണന്റെ മരണത്തിന് കാരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ ആരോപിച്ചു.പരേതയായ മല്ലികയാണ് കണ്ണന്റെ ഭാര്യ. മക്കള്‍: ദളിത് പ്രവർത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ലിജു കുമാർ, ലിനി പ്രമോദ്, പരേതനായ ലിജേഷ്. സഹോദരങ്ങള്‍; പ്രഭാകരൻ, നാണു, മാതാ, നാരായണി, ലക്ഷമി.

Post a Comment

Previous Post Next Post