ആലപ്പുഴ: എടത്വയിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് കർഷകൻ മരിച്ചു. മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡ് മിത്രക്കരി മേപ്രത്തുശ്ശേരിൽ എം.ഇ. മാത്തുക്കുട്ടി (63) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ചെമ്പടി പാടത്തെ കൃഷിസ്ഥലത്ത് നിന്ന് വള്ളത്തിൽ മടങ്ങിവരുന്നതിനിടെ രാമങ്കരി പടവ പാടശേഖരത്തിൻ്റെ മോട്ടോർ ചാലിൽ വള്ളവുമായി മറിയുകയായിരുന്നു. പുല്ല് വളർന്നു നിൽക്കുന്ന ആഴമേറിയ ചാലിൽ താഴ്ന്നു പോയ മാത്തുക്കുട്ടിയെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ കരയ്ക്കെത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.
