കോട്ടയം :കോട്ടയത്ത് ഓണാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ പതിനാറിൽചിറ കൊച്ചുതറവീട്ടിൽ സതീഷ് ചന്ദ്രൻ (42)ആണ് കുഴഞ്ഞു വീണ് മരിച്ചത്.
ചൊവ്വാഴ്ച ഈസ്റ്റ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്ത ശേഷമാണ് സതീഷ് ചന്ദ്രൻ തിരികെ വീട്ടിലെത്തിയത്.
ഓണാഘോഷ പരിപാടിക്കിടെ മധുരിക്കും ഓർമകളേ, മലർമഞ്ചൽ കൊണ്ടുവരൂ എന്ന ഗാനം പാടി മണിക്കൂറുകൾക്കുള്ളിലാണ് സതീഷിന്റെ മരണം. ഓണാഘോഷത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ സതീഷ് രാത്രി 9.30നാണ് കുഴഞ്ഞുവീണത്. ഉടൻ സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരിച്ചിരുന്ന സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്ററായിരുന്നു സതീഷ് ചന്ദ്രൻ. ഭാര്യ: സവിത. മക്കൾ: അഭിനവ്, അശ്വിന്ത്, അഭിനന്ദ്.
