ഇടുക്കി തൊടുപുഴ: ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണ അധ്യാപകന്റെ ശരീരത്തിൽ ലോറി കയറിയിറങ്ങി കോളേജ് അധ്യാപകൻ മരിച്ചു. അപകടത്തിൽ കുമളി മുരിക്കടി സ്വദേശിയും പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്സ് പി. ഷിബു (25) ആണ് മരിച്ചത്.
വ്യാഴാഴ്‌ച രാവിലെ 8.15 ഓടെ പുളിയൻമല-തൊടുപുഴ റോഡിൽ പുളിയൻമല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. പുളിയൻമല ഭാഗത്തുനിന്ന് കട്ടപ്പന ഭാഗത്തേയ്ക്ക് വരികയായിരുന്ന ജോയ്സിന്റെ ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഈസമയം എതിരേവന്ന ലോറി ദേഹത്തുകൂടി കയറിയിറങ്ങി.
ഇതുവഴിയെത്തിയ യാത്രക്കാരും മറ്റും ചേർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജോയ്‌സ് തൽക്ഷണം മരിച്ചു. ക്രൈസ്റ്റ് കോളേജിലെ പൂർവ വിദ്യാർഥി കൂടിയായ ജോയ്‌സ് ബി.ബി.എ അധ്യാപകനായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലാണുള്ളത്. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
